Thursday 21 August 2014

നേര്‍ കാഴ്ചകള്‍

മതം വ്യക്തമായ ഒരു രാഷ്ട്രീയമാണ്, മനുഷ്യന്റെ ഭയത്തെയും, പ്രതീക്ഷയേയും, പ്രത്യാശയെയും ചൂഷണം ചെയ്യുന്ന ചൂഷണവര്ഗത്തിന്റെ അധികാരസാഫല്യത്തിനു വേണ്ടിയുള്ള ഉപാധി മാത്രമാണ്, ഒരു മതവും മനുഷ്യരാശിയെ രക്ഷിച്ചതായി/ രക്ഷിക്കാനാവുമെന്ന് തെളിയിക്കാനാവില്ല. എന്നാല്മനുഷ്യവര്ഗത്തെ മൂഢതയിലേക്കും, വര്ഗീയവിദ്വേഷത്തിലേക്കും/വര്ഗീയചേരിതിരിവിലേക്കും വളരെ വേഗം നയിക്കുവാന്സാധിക്കുന്നു. ഓരോ മതവും സ്വയം പ്രഖ്യാപിത ദൈവത്തെ സൃഷ്ടിക്കുന്നു, സ്വയം പ്രഖ്യാപിത സത്യത്തിന്റെ  ആധികാരികതക്കപ്പുറത്ത് സ്വന്തം നിലനില്പ്പും, നിക്ഷിപ്തതാല്പര്യങ്ങള്ക്കും മാത്രമാണ് പ്രാധാന്യം,  അതിനാല്ഒരു മതവും മറ്റൊരു മതത്തേയും, മതത്തിന്റെ കാഴ്ചപാടുകളെയും അംഗീകരിക്കാനോ പഠിപ്പിക്കുന്നില്ല,  ഇവയുടെയെല്ലാം അടിത്തറ ധാരാളം മിത്തുകള്കൊണ്ട് സമ്പന്നമാണ്, അതുകൊണ്ട് തന്നെ മതങ്ങളിലൂടെയുള്ള മനുഷ്യന്റെ രക്ഷയും ഒരു മിത്തായി തുടരും.....

Tuesday 29 January 2013

ഇന്ത്യയെന്നാല്‍ രാഷ്ട്രീയസ്വേച്ഛാധിപത്യം




ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധ്യപത്യരാഷ്ട്രം എന്നാണു നാം അടക്കം ലോക രാജ്യങ്ങള്‍ വിശേഷിപിക്കുന്നത്. എന്നാല്‍ അത് ഏറ്റവും വലിയ മണ്ടത്തരമെന്ന് ഞാന്‍ വിശേഷിപ്പിക്കും. ഇന്ത്യയും ജനാധിപത്യവും രണ്ടും രണ്ടു ദിക്കിലാണ്. ഇവിടെ രാജഭരണത്തിനു തുല്യമായ രാഷ്ട്രീയ സ്വേച്ഛാധിപത്യമാണ്. ആ ചിന്തക്ക് കാരണങ്ങള്‍ പലതാണ്, അവയില്‍ പലതും നമ്മള്‍ കണ്ടിട്ടും കാണാതെ പോകുന്ന കാര്യങ്ങളാണ്.



വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിപ്ലവത്തിനും, സമരങ്ങള്‍ക്കും ശേഷമാണ് ഇന്ത്യന്‍ ജനതക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഇന്ന് ഇന്ത്യക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ അധികാരത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഭരണസംവിധാനമുണ്ട്. ഇന്ത്യന്‍ അധികാരത്തിന്റെ തലച്ചോറെന്ന് പറയുന്നത് രാജ്യസഭ, ലോകസഭയുമാണ്,നട്ടെല്ലെന്ന് പറയാവുന്നത് ഇതിന്റെ കീഴില്‍ വരുന്ന ഭരണസംവിധാനങ്ങളും, നിയമവ്യവസ്ഥയുമാണ്‌. ഭരണസംവിധാനം ഒരു മരത്തിന്റെ ശിഖരങ്ങള്‍ എന്നത് പോലെ പല ശിഖരങ്ങളായി വേര്‍തിരിച്ചു സംസ്ഥാനം, ജില്ല ഭരണ കൂടം എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. ഇത്  ഭരണം സുഗമം ആക്കുവാന്‍ വേണ്ടിയാണ്. ഇതേ രീതിയില്‍ തന്നെയാണ് ചക്രവര്‍ത്തി ഭരണവും നിലനിന്നിരുന്നത്, ചക്രവര്‍ത്തിക്ക് കീഴില്‍ രാജാവ്, രാജാവിന്‍റെ കീഴില്‍ പ്രഭുക്കന്‍മാര്‍, അതിനു കീഴില്‍ ജന്മിമാര്‍. ഇങ്ങനെയുള്ള പലരീതികളും നമ്മള്‍ ആ പഴയ സ്വേച്ഛാധിപത്യത്തിന്റെ കാലത്ത് നിന്ന് ഉള്‍ണ്ടാതാണ്.


നമ്മള്‍ അനുഭവിക്കുന്ന സ്വത്തുവകകളുടെ പൂര്‍ണ്ണ അധികാരി നാമല്ല. നമുക്കും മുകളില്‍ അധികാരംഈ രാജ്യത്തെ ഭരണാധികാരികള്‍ക്കാണ്. മാര്‍ക്കെറ്റില്‍ നിന്ന് വാങ്ങുന്ന ഉപ്പ് തൊട്ട് കര്‍പ്പൂരം വരയുള്ള സാധനങ്ങള്‍ക്ക് നമ്മള്‍ നികുതി കൊടുക്കണം. അത് വാണിജ്യനികുതി. നമ്മള്‍ താമസിക്കുന്ന സ്ഥലത്തിനും വീടിനും കൊടുക്കണം വര്‍ഷാവര്‍ഷം നികുതി.അതും നികുതിയാണ് നമ്മള്‍ സ്വത്തുക്കള്‍ അനുഭവിക്കുന്നതിന്റെ നികുതി. കൊടുത്തില്ലെങ്കില്‍ പിഴ എന്നിട്ടും കൊടുത്തില്ലെങ്കില്‍ ജപ്തിപോലുള്ള നടപടികളിലേക്ക് കടക്കും അധികാരികള്‍. നികുതി പണം പൊതുഖജനാവിലേക്ക് പോകുന്നുവെങ്കിലും ഇത്തരം കാര്യങ്ങളില്‍ ചില അനൌചിത്യപരമായ കാര്യങ്ങള്‍ കാണുവാന്‍ സാധിക്കും ഒരു സമൂഹത്തിന്റെ നിസ്സഹായത. ഇത് തന്നെയല്ലേ ചക്രവര്‍ത്തി ഭരണകാലത്തും സ്വീകരിച്ച നടപടി?. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ അല്ലെങ്കില്‍ ഒരു പദ്ധതിനിലവില്‍ വരുമ്പോള്‍ ആ സ്ഥലത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള അധികാരം ഈ ഭരണകൂടങ്ങള്‍ക്കുണ്ട്. ചിലസ്ഥലങ്ങളില്‍ നഷ്ടപരിഹാരം കൊടുത്ത് അവരെ സമാധാനിപ്പിക്കുന്നുവെങ്കിലും അവിടെ ഒരു അടിച്ചമര്‍ത്തല്‍ കാണാം, അവിടെ അവന്‍റെ പ്രതികരണങ്ങളെയും, ഇഷ്ടങ്ങളെയും വിലങ്ങിട്ട് നിര്‍ത്തുന്നു. തീര്‍ത്തും നിസ്സഹായ  അവസ്ഥ. സര്‍ക്കാര്‍ തിന്ന് കൊഴുത്ത് ഒന്നും അറിയാതെ മന്ദിരങ്ങളില്‍ ജീവിക്കുന്നു, അവക്കുള്ള സുരക്ഷയുടെ കോട്ടയാണ്  ഭരണസംവിധാനങ്ങള്‍, ചുറ്റിനും പൊതു ജനങ്ങള്‍ക് നേരെ ആക്രോശവും ആയുധവുമേന്തി നില്‍ക്കുകയാണ് അധികാരികള്‍.



എന്തിനും ഏതിനും നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട് നിയമപാലകര്‍ സര്‍ക്കാരിന്‍റെ കാല്‍ചുവട്ടിലും.  നിയമങ്ങള്‍ ഒരു സമൂഹത്തെ നിയന്ത്രിക്കാനും, സമധാനപരിപാലനത്തിനുമാണ്. അത് ഒരു രാജ്യത്തിന്റെ ഉയര്ച്ചക്കും , കെട്ടുറപ്പിനെയും സഹായിക്കും. ഈ അധികാരം ജനങ്ങള്‍ക് മീതെ പ്രയോഗിക്കാന്‍ അതാത് രാജ്യങ്ങളിലെ അധികാരികള്‍ക്കാണ് അവകാശം, അങ്ങനെ ആ ഒരു രീതിയിലും സര്‍ക്കാര്‍ ജനങ്ങളുടെ അധികാരിയാവുന്നു. ഇന്ന് ഈ രാജ്യത്തെ അധികാരികളെ നമ്മള്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്നാല്‍ അവിടെ ഈ തിരഞ്ഞെടുക്കപെടുന്ന വ്യക്തി ഒരു ജനപ്രധിനിതിയല്ല മറിച്ചു ഒരു രാഷ്ട്രീയപ്രധിനിധിയാണ്. രാഷ്ട്രീയകാര്‍ അവരുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാവകളെ മാത്രമേ ജനങ്ങള്‍ക് മുന്നിലേക്ക് തിരഞ്ഞെടുക്കാന്‍ വിടുകയുളൂ. ഇത് വോട്ടെടുപ്പ് എന്ന പ്രക്രിയ പൂര്‍ത്തിയാക്കുവാന്‍ വേണ്ടി മാത്രം.  തിരഞ്ഞെടുക്കപെട്ടാല്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കുക, അവനു മുകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിപ്പ് എന്ന അധികാരവടി വച്ചിരിക്കുന്നു.  അത് കൊണ്ട് തന്നെ ആ തിരഞ്ഞെടുക്കപെടുന്ന വ്യക്തിയും പിന്നീട് ഒരു നെറികെട്ട രാഷ്ട്രീയകാരനാകുന്നു. ജനങ്ങള്‍ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുനിയുന്ന സ്വന്തന്ത്ര മനസിനെ അവിടെ തളക്കുന്നു. പിന്നീട് ആ രാഷ്ട്രീയ പ്രധിനിധിയും ജനങ്ങളും രണ്ടു തട്ടിലാണ് അണികള്‍ അല്ലെങ്കില്‍ അധികാരികളുടെ പാപഭാരങ്ങള്‍ ചുമക്കാനുള്ള കഴുതകളായി ജനങ്ങള്‍, അവര്‍ക്ക് മുകളില്‍ സര്‍വ്വധികാരത്തോടെയും ഇരിക്കുന്ന രാഷ്ട്രീയ കോമരങ്ങള്‍.



 ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും ഒരു തൊഴിലില്ല. പക്ഷെ അവര്‍ സമ്പാദിക്കുന്നു  എങ്ങനെ? അവരുടെ തൊഴില്‍ ഇതാണ് രാഷ്ട്രീയ പ്രവര്‍ത്തനം, അതിനാല്‍ തന്നെ അവര്‍ അതില്‍ നിന്ന് തന്നെ സാമ്പത്തികം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. അവനുമുന്നിലേക്ക് കൊര്‍പ്പെറെറ്റുകള്‍ കാര്യസാധ്യത്തിനായി പണം വാരിയെരിയും. പണത്തിന്റെ മുന്നില്‍ വീഴാത്ത ആരുണ്ട്‌ ആ രാഷ്ട്രീയകാരനും വീഴും. പണം ആളെ കൊല്ലിയെന്നാണ് എന്നാണ് ചൊല്ല്. പിന്നീട് അവന്‍ അഴിമതികളുടെ പൂമാല തന്നെയണിയും. ഇതാണ് നമ്മുടെ രാഷ്ട്രീയകാര്‍. ഒരു പാര്‍ട്ടി ജയിച്ചു ഭരണത്തില്‍ കയറിയാല്‍ പിന്നെ ആ രാഷ്ട്രീയപാര്‍ട്ടികളിലെ കീടങ്ങള്‍ വരെ കുഞ്ഞന്‍ അധികാരികളായി അതാണ്‌ ഇന്ന് നാം കാണുന്ന ഭരണകൂടം.



ഇനി രാഷ്ട്രീയപാര്‍ട്ടികളുടെ തലപ്പത്തേക്ക് വരുമ്പോള്‍ അല്ലെങ്കില്‍ അണികളെ വിട്ട് നേതാക്കളിലെക്ക് വരുമ്പോള്‍ കാണുന്നത് ഇതാണ് പാര്‍ട്ടികളില്‍ കുടുംബഭരണവും, ഏകാധ്യപത്യഭരണവും. ഇന്ത്യയിലെ ഒരുപാര്‍ട്ടിയുടെയും നേതൃത്വസ്ഥാനങ്ങള്‍ ജനാധ്യപത്യരീതിക്ക് ചേര്‍ന്നതല്ല. അതിനാല്‍ തന്നെ ഒരു പാര്‍ട്ടിയും ജനാധ്യപത്യവാദികള്‍ എന്ന് പറയുവാനും യോഗ്യരല്ല. ഇക്കൂട്ടര്‍ ഒരു ജനാധ്യപത്യരാഷ്ട്രം ഭരിക്കുന്നുവെന്നു പറഞ്ഞാല്‍ അതില്‍ കവിഞ്ഞ വിരോധാഭാസം വേറൊന്നില്ല. ഇന്ത്യയിലെയും കേരളത്തിലെയും പ്രധാനപെട്ട ചില രാഷ്ട്രീയപാര്‍ട്ടികളെ നോക്കാം ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്, ബി ജെ പി; സി പി എം, ഡിഎം കെ, എന്‍ സി പി, കേരളകോണ്ഗ്രസ് (A-Z) , മുസ്ലിംലീഗ് ഇവയെല്ലാം തന്നെ ഒരു ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്നു.



ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്  ഈ പാര്‍ട്ടി ജന്മം കൊണ്ടത് മുതല്‍ ഗാന്ധി, നെഹ്‌റുകുടുംബത്തിന്റെ അധീനതയില്‍ ഒതുങ്ങി കഴിയുന്നു. നെഹ്‌റു, രാജിവ്ഗാന്ധി, ഇന്ദിരാഗാന്ധി ഇവരാണ് കോണ്ഗ്രസ് പാര്‍ട്ടിയുടെ പഴയകാല തേരാളികള്‍ അങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്. ഇന്ന് പ്രധാനമന്ത്രിപദത്തില്‍ ഇരിക്കുന്ന മന്മോഹന്‍ സിംഗ് ഈ ഗാന്ധികുടുംബത്തിന്റെ  പാവയാണ്, ഇവിടെ മന്‍മോഹന്‍സിംഗിന്‍റെ ചുമതല ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ തലപ്പത്ത് ഇരിക്കുന്ന സോണിയ ഗാന്ധിയുടെ ആജ്ഞകള്‍ അനുസരിക്കുക എന്നത് മാത്രമാണ്.  ചുരുക്കത്തില്‍ ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഇന്ത്യന്‍ വംശത പോലും അല്ലാത്ത സ്ത്രീയാണ്, അതുമല്ല ജനാധിപത്യ മര്യാദകളെ മരികെടന്ന്. അപ്പോള്‍ ഇപ്പോഴും നമ്മള്‍ വിദേശ അധ്യപധ്യത്തില്‍ ആണോയെന്നു സംശയിക്കേണ്ടി ഇരിക്കുന്നു. ഇനി ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസിന്റെ നേതൃത്വനിരയിലേക്ക് വരുന്നത് അല്ലെങ്കില്‍ വന്നത് രാഹുല്‍ ഗാന്ധി. അദേഹത്തിന് പലപ്പോഴും വലിയ സ്ഥാനമാനങ്ങള്‍ വഹിക്കാന്‍ പേടിയാണെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നു. അങ്ങനെ ഇന്നേവരെയുള്ള പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ഗാന്ധികുടുംബത്തില്‍ ഒതുങ്ങുന്നു.


മറ്റൊരു പ്രധാന പാര്‍ട്ടിയാണ് ബി ജെ പി. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് ശക്തിപ്രാപിച്ച പാര്‍ട്ടിയാണ് ബി ജെ പി. ഇന്ന് വര്‍ഗീയത ഇല്ലെന്നു പറയുന്നുവെങ്കിലും ചുറ്റിനുമുള്ള പാര്‍ട്ടി പോഷക സംഘടനകളെല്ലാം തന്നെ വര്‍ഗീയത ഉയര്‍ത്തിപിടിക്കുന്നവയാണ്. ആര്‍ എസ് എസ്, സംഘപരിവാര്‍, ഇവയെല്ലാം ഈ പാര്‍ട്ടിയുടെ യഥാര്‍ഥ മുഖമാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ പാര്‍ട്ടിയാകുമ്പോള്‍ എങ്ങനെ ജനാധ്യപത്യമര്യാദ ഉണ്ടാകുന്നു.

ഇനി സി പി (ഐ) എം ലേക്ക് വരുമ്പോള്‍, ഇന്ത്യയിലെ പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സി പി (ഐ)എം. കമ്മ്യൂണിസ്റ്റ് എന്ന ആശയം പോലും ഒരു തരം ഫ്യൂഡല്‍ വ്യവസ്ഥയാണ്‌. ഒരാളുടെ മൌലിക അവകാശങ്ങള്‍ പോലും ഹനിക്കന്നതാണ്കമ്മ്യൂണിസ്റ്റ് ഭരണങ്ങള്‍. പക്ഷെ ഇന്ത്യയിലെ ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോക ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിനെ മാനിച്ചു നിലനിന്നു പോരുന്നു. തൊഴിലാളിയുടെ വിയര്‍പ്പിന്റെ അംശം വാങ്ങുന്ന രീതി ഇപ്പോഴും തുടരുന്നു. വിപ്ലവം എന്ന് ഉല്‍ഘോഷിക്കുന്ന കൊലപാതകങ്ങള്‍ തുടരുന്നു. ഗ്രാമങ്ങളില്‍ ഊര് വിലക്ക് കല്‍പ്പിക്കുന്നു. ഇതൊക്കോ ഒരു ജനപക്ഷ പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ഒരു പക്ഷെ ഇന്ത്യയില്‍ അവര്‍ക്ക് ഒരിക്കല്‍ ഭരണം കിട്ടിയാല്‍ പിന്നെ ഏതൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്ത്തിലും ഉണ്ടായത് പോലെ ഇന്ത്യയും ഒരു കമ്യൂണിസ്റ്റ് ഭരണത്തിന്റെ പിടിച്ചടക്കലിന്റെ കെടുതികള്‍ നമ്മള്‍ അനുഭവിക്കേണ്ടി വരും.

ഇനി എന്‍ സി പി, ഡി എം കെ, ആര്‍ ജെ ഡി, കേരള കോണ്ഗ്രസ് (A-Z) ഈ പര്ട്ടികളിലെല്ലാം കുടുംബഭരണത്തിന്റെ നേര്‍കാഴ്ചയാണ്. അച്ഛനും മക്കളും മക്കളുടെ മക്കളുമായി ഒരു പാര്‍ട്ടി ഭരിക്കുന്നു അവര്‍ അധികാരത്തിന്റെ കസേരകള്‍ എപ്പോഴും കൈയ്യാളുന്നു. മുന്‍ഗാമികളും പിന്‍ഗാമികളും എല്ലാം സ്വന്തം കുടുംബക്കാര്‍. ഈ പാര്‍ട്ടികള്‍ ജനാധ്യപത്യമര്യാദകളുടെ ഏറ്റവും വലിയ വിരോധാഭാസമെന്നെ എനിക്ക് പറയാന്‍ സാധിക്കൂ.


മുസ്ലിംലീഗ് ഇതൊരു വര്‍ഗീയ പാര്‍ട്ടി അല്ലെന്നാണ് നേതൃത്ത്വത്തിന്‍റെ വാദം. പക്ഷെ പ്രവര്‍ത്തിയില്‍ ഒരു പ്രത്യേക സാമുദായത്തിന്റെ അധീനതയില്‍ ഒതുങ്ങികഴിയുന്ന പാര്‍ട്ടി. പലപ്പോഴും ഭരണകാര്യങ്ങളിലും, പ്രവര്‍ത്തികളിലും, നേതാക്കളുടെ പ്രസംഗത്തിലും ഇതൊരു വര്‍ഗീയ പാര്‍ട്ടിയാണെന്ന് തെളിയിക്കുന്നു. ഇതും ഒരു മതേതരത്വ രാജ്യത്തിനോ ജനപക്ഷ രാജ്യത്തിനോ ചേര്‍ന്ന പാര്‍ട്ടിയല്ല.



ഇനിയുമുണ്ട് ഒട്ടേറെ പാര്‍ട്ടികളും, പാര്‍ട്ടി സംഘടനകളും എന്നാല്‍ ഒന്നില്‍ പോലും നമ്മുടെ രാജ്യത്തിന്റെ തത്വത്തിനു ചേര്‍ന്നതല്ല. ഈ പറഞ്ഞവയില്‍ ഇന്ത്യഭരിക്കുന്ന പ്രധാന പാര്‍ട്ടികളാണ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസും, ബി ജെ പിയും ഇവരാണ് ഭരണ ചക്രം തിരിക്കുന്നത് ബാക്കിയുള്ളവര്‍ അധികാരത്തിന്‍റെ അപ്പകഷണം കിട്ടാന്‍ വേണ്ടി മാത്രം സപ്പോര്‍ട്ട് നല്‍കുന്നുവെന്ന് മാത്രം. ഏഴുവര്‍ഷത്തോളമായി ഇന്ത്യന്‍നാഷണല്‍ കൊണ്ഗ്രസിന്റെ അധ്യക്ഷതയിലാണ് ഭരണം മുന്നോട്ട് പോകുന്നത്. അവിടെ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്നത് സോണിയ ഗാന്ധിയും. ഇന്ത്യന്‍ പ്രസിഡണ്ട്‌ ആരെന്നു പോലും തീരുമാനിക്കുന്നത് ഇത്തരം സ്വേച്ഛാധിപത്യസ്വഭാവം അല്ലെങ്കില്‍ ആ സ്വേച്ഛാധിപതികളുടെ പാര്‍ട്ടിയാണ്. അപ്പോള്‍ ഇപ്പോള്‍ ഉള്ളതും ഒരു ഫ്യൂഡല്‍ ഭരണം തന്നെയല്ലേ? 


ഇനി തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ കാണുവാന്‍ സാധിക്കുന്നത് മറ്റൊരു രസകരമായ കാര്യം ഇതാണ്. പാര്‍ട്ടിയുടെ തലപ്പത്ത് ഇരിക്കുന്നവര്‍ തീരുമാനിക്കും ആര് എവിടെ മത്സരിക്കനമെന്നത്. പണവും, മദ്യവും, കണ്ണ് മഞ്ഞളിക്കുന്ന വാഗ്ദാനങ്ങളും കൊടുത്ത് വിഡ്ഢികള്‍ ജനങ്ങളെ വരുതിയിലാക്കും. അതിലും വീഴാത്തവരെ സാമുദായിക പേരില്‍ കൂടെ ചേര്‍ക്കും. ഇതല്ലേ ഇന്നത്തെ തിരഞ്ഞെടുപ്പ്? തിരഞ്ഞെടുപ്പിനും പാര്‍ട്ടിയുടെ ആഡംബരത്തിനും വേണ്ടി കോര്‍പ്പറെറ്റുകളില്‍ നിന്ന് വലിയൊരു തുക സംഭാവനയായി നല്‍കും. പകരം അവര്‍ക്ക് ഈ രാജ്യം തന്നെ തീറെഴുതി കൊടുക്കും. അത് 2G യായും കല്‍ക്കരിയായും, പെട്രോള്‍ ആയും വീണ്ടും ജനങ്ങളുടെ തലയില്‍.  കിട്ടിയവാഗ്ദാനങ്ങള്‍ മുഴുവന്‍ ആ വഴി പോകും. അങ്ങനെ വക്രബുദ്ധിക്കാരായ രാഷ്ട്രികാരും കൊര്‍പ്പെറെറ്റുകളും ചേര്‍ന്ന് പണത്തിന്റെ ഒരു തിരിച്ചു വരവ് ചക്രം തന്നെയുണ്ടാക്കിയിരിക്കുന്നു. അങ്ങനെയാകുമ്പോള്‍ പറയാം ഈ രാജ്യം ഭരിക്കുന്നത് ഇവരാണ്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ചരിത്രത്തില്‍ ജനഹിത പരിശോധന ഒരു കാര്യാത്തിലും നടത്തിയിട്ടില്ല. ഇതോക്കെയാണോ ഒരു ജനാധിപത്യരാജ്യത്തിന്റെ ഗുണം?

ഒരിക്കലും ഒരു രാജ്യത്തിനും പൂര്‍ണ്ണജനാധിപത്യരാജ്യം ആവാന്‍ സാധിക്കില്ല,  അനങ്ങനെ ആവുകയും ചെയ്യരുത്. എല്ലാം ജനങ്ങളുടെ ഇഷ്ടം നോക്കി നടത്താന്‍ ആവില്ല. എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത് വിടുന്ന ഈ അധികാര വര്‍ഗത്തിന്റെ മുകളിലും ഒരു അധികാരം വേണം ജനങ്ങളുടെ അധികാരം. ഒരിക്കല്‍ ഇന്ത്യന്‍ ജനത അധിനിവേശശക്തികളും സ്വേദേശ ശക്തികളുടെയും മുന്നില്‍ നട്ടെല്ല് പണയം വച്ചതിനാല്‍ ആവാം അവര്‍ ഇപ്പോഴും ഈ ഫ്യൂഡല്‍ ഭരണത്തിനു സമാനമായ ഭരണകൂടങ്ങള്‍ക്ക് മുന്നിലും ഒചാനിച്ചു നില്‍ക്കുന്നത്. പക്ഷെ പിന്നീട് നടുനിവര്‍ക്കാന്‍  വലിയൊരു രക്തപുഴ തന്നെ ഒഴുക്കേണ്ടി വന്നു.

(ഇവിടെ ഞാന്‍ ഒന്നിനെയും പൂര്‍ണ്ണമായും തെറ്റെന്നോ ശരിയെന്നോ പറയുന്നില്ല. എന്നാല്‍ ഒരു കാര്യത്തില്‍ ശരിയും തെറ്റും കൂടുമ്പോള്‍ അവയുടെ സ്വഭാവ രീതികളും മാറുന്നു. അവയെ തെറ്റെന്നും ശരിയെന്നും നാം വിളിക്കുന്നു. )


നോട്ട്:ഇത് അരാഷ്ട്രീയ വാദമല്ല മറിച്ച്. (ആ വാദമുഖങ്ങള്‍ ഉയര്‍ത്തുന്ന ചീഞ്ഞ രാഷ്ട്രീയകാരനോട് എനിക്ക് ഒന്നും പറയാന്‍ ഇല്ല. ഒരിക്കല്‍ താങ്കള്‍ അല്ലെങ്കില്‍ താങ്കളുടെ പിന്തലമുറ ഇതിനു പിഴ ഒടുക്കേണ്ടി വരും. ) ഇതാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇനി നിങ്ങള്‍ ജനപക്ഷം നോക്കി പ്രവര്‍ത്തിച്ചു കാണിച്ചാല്‍ അതിനെ വിശ്വസിക്കും. ഇവിടെ നിങ്ങള്‍ക്ക് എതിര്‍ക്കാം പക്ഷെ അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവായി ആയിരിക്കരുത് സമൂഹത്തില്‍ നിന്ന് വേദനിക്കുന്ന ഒരു സമൂഹത്തിന്റെ നിക്ഷ്പക്ഷ പ്രധിനിധി ആയിട്ട് വേണം.. നിങ്ങള്‍ രാഷ്ട്ര സ്നേഹി ആയിരിക്കണം രാഷ്ട്രീയ സ്നേഹി ആകരുത്. ഒരു സംഘടയോടുള്ള നിങ്ങളുടെ അന്ധമായ സ്നേഹം , വിശ്വാസം നിന്റെ സമൂഹത്തെയും നിന്നെയും വഞ്ചിക്കും.





Tuesday 8 January 2013

ഇന്ത്യന്‍ നവവിപ്ലവവും, വിപ്ലവാനന്തര ഇന്ത്യയും


കഴിഞ്ഞ വര്‍ഷം അറബ് രാഷ്ട്രങ്ങളെ പടിച്ചുകുലുക്കിയ ഒന്നാണ് സോഷ്യല്‍ മീഡിയകളിലൂടെ ജന്മം കൊണ്ട നവവിപ്ലവം. ഇന്ന് പലരാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഭയക്കുന്നത് സോഷ്യല്‍മീഡിയകളില്‍ രൂപംകൊള്ളുന്ന ഇത്തരം കൂട്ടായ്മകളെയും, സ്വതന്ത്ര പ്രതികരണങ്ങളെയുമാണ്‌. ഭരണകൂടങ്ങളോടുള്ള  അസസഹിഷ്ണുത കൂടിവരുമ്പോള്‍ എന്നും പലരീതികളില്‍ പലയിടങ്ങളിലും വിപ്ലവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു രാജ്യത്തിന്റെ നട്ടെല്ലും, തലച്ചോറുമാണ് അവിടുത്തെ ഭരണകൂടങ്ങള്‍ അതിനാല്‍ തന്നെ ഭരണകൂടങ്ങളെ വിപ്ലവത്തിലൂടെ മറിച്ചിടുമ്പോള്‍ ശേഷം ഉണ്ടാകുന്ന രാജ്യം  നമുക്ക് പ്രവചനാതീതമാണ്. രാജ്യത്തിന്റെ ഭരണ, സമാധാന അന്തരീക്ഷം തീര്‍ത്തും കലുഷിതമായിരിക്കും. ആരും നിയന്ത്രിക്കാന്‍ ഇല്ലാതെ കുത്തഴിഞ്ഞ അവസ്ഥ. ഇതാണ് നാം അറബ് ലോകത്ത് മുല്ലപ്പൂവസന്തം വിരിഞ്ഞുകഴിഞ്ഞപ്പോള്‍ കണ്ടത്. വിപ്ലവം കഴിഞ്ഞു ഭരണകൂടം മറിച്ചിട്ട് ഭരണം നേടിയവര്‍ക്കെതിരെയും നീളുന്ന ജനപ്രക്ഷോഭങ്ങള്‍..


ഇപ്പോള്‍ ഇന്ത്യയിലും സോഷ്യല്‍മീഡിയവഴിയുള്ള സമരങ്ങള്‍ക്ക് ജീവന്‍ വച്ചിരിക്കുന്നു. രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളി അഴിമതി, നിയമനിര്‍മ്മാണപരിപാലനത്തിന്‍റെ പോരായ്മ എന്നിവയാണ്. പണവും അധികാരവും ഉള്ളവന് നീതിയും അവകാശങ്ങളും. അതാണ്‌ നാം ദിവസേന കാണുന്ന ഭരണവും നീതിയും. തലസ്ഥാന നഗരിയില്‍ ഒരുകൂട്ടം ചെന്നായ്ക്കള്‍ ഒരു പെണ്ണിനെ പിച്ചിചീന്തുക, തുടര്‍ന്ന്‍ മണികുറുകളോളം സഹായം അഭ്യര്‍ഥിച്ചു നിരാലംബയായി നടുറോഡില്‍, അവിടെ നിയമപാലകര്‍ നിഷ്ക്രിയര്‍, കോടാനുകോടി രൂപയുടെ അഴിമതി നടത്തിയവന്‍   കുറച്ചു കഴിയുമ്പോള്‍ കൂളായി വീണ്ടും ജയിലിനു പുറത്ത്. മുക്കിയ പൈസയോ അത് ഒരിക്കലും കണ്ടെത്തില്ല കണക്ക് മാത്രമുണ്ട് കൈയില്‍, അതെങ്കിലും കിട്ടിയത് ഭാഗ്യം. പക്ഷേ അവന്റെ പേരില്‍ സിറ്റികള്‍ തോറും മണിമാളികകള്‍ ഉണ്ടാകും അത് ഒരുത്തന്‍റെയും കണ്ണില്‍ പെടില്ല. വീണ്ടും ആ എരപ്പാളി വോട്ടും തേടിവരും ജനങ്ങള്‍ വോട്ടും ചെയ്യും. ആഹ എന്ത് നല്ല നിയമം എന്ത് നല്ല പൌരബോധം. അഴിമതി നടത്തിയവന്‍ വീണ്ടും ജനപ്രതിനിധി. രാഷ്ട്രീയം അത് ഒന്ന് മാത്രമാണ് നമ്മുടെ രാജ്യത്തിന്റെ ഗതി ഇങ്ങനെയാക്കിയത്. എന്നാല്‍ ചില പരട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നത് ഇന്നത്തെ തലമുറക്ക് അല്ലെങ്കില്‍ ജനതക്ക്  രാഷ്ട്രീയ ബോധംകുറഞ്ഞുവരുന്നുവെന്ന്. അവര്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ഇതാണോ "ജനങ്ങളുടെ മുകളില്‍ കയറി നിരങ്ങിയാലും പോക്കിരിത്തരം കാണിച്ചാലും മിണ്ടാതെ നില്‍ക്കാനുള്ള വീണ്ടും അവരുടെ മൂടും താങ്ങി നില്‍ക്കാനുള്ള രാഷ്ട്രീയമാണോ?" അങ്ങനെയെങ്കില്‍ ആ രാഷ്ട്രീയം എന്നേ എരിച്ചു കളയേണ്ടതാണ്.

നമ്മുടെ ഭരണസംഹിതകള്‍ ഡോക്ടര്‍ അംബേദ്കര്‍ ഉണ്ടാക്കിയതാണ്. പക്ഷെ അദ്ദേഹം അന്നുണ്ടായിരുന്ന പ്രമുഖരാജ്യങ്ങളുടെ നിയമസംഹിതയില്‍ നിന്ന് കടംകൊണ്ട് എഴുതിയതാണ്. ആ രാജ്യങ്ങള്‍ അതിനു ശേഷം നിയമങ്ങള്‍ മാറ്റിയെഴുതുകയും കാലഘട്ടത്തിന് അനുസരിച്ച് കൂട്ടിചേര്‍ക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ നിയമങ്ങള്‍ തളര്‍വാതം  പിടിപ്പെട്ട് അവശകലാകാരനായി. ഓടിക്കിതച്ചു പുതിയകാലത്തിലേക്ക് വന്നപ്പോള്‍ വീണ്ടും പരിതാപകരമായി. നിയമങ്ങള്‍ നോക്ക് കുത്തിയായപ്പോള്‍ അതിനെ ഏതുരീതിയിലും വളച്ചൊടിക്കാമെന്നായപ്പോള്‍ അഴിമതിയും വര്‍ധിച്ചു. ഖജനാവിലെ ഒട്ടുമിക്ക സമ്പത്തും 2G യും, കല്‍ക്കരിയും വഴി പലരുടെയും മണിമാളികകളിലെത്തി. അവിടെ ഈ പറയുന്ന നിയമത്തിന് വെറും പഴംചാക്കിന്‍റെ വില. കൊണ്ട്പോയവന്‍ കൊണ്ട്പോയി,അതിന്‍റെ കൂടെ അവനെ ജയിലില്‍ തീറ്റിപോറ്റാന്‍ വീണ്ടും ജനങ്ങളുടെ കാശ്. 

ഇന്ത്യ ഒരു ജനാധ്യപത്യരാഷ്ട്രമാണോ അല്ല. ഇവിടെ ഭരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ്, അവരുടെ നേതൃത്വം കൈകൊള്ളുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ ശിരസാവഹിച്ചോണം. ഭരണത്തില്‍ ജനത്തിന്‍റെ പങ്ക് വോട്ട് ചെയ്യുക. വോട്ട് നേടി ഭരണത്തില്‍ കയറിയാല്‍ അവന്‍ രാജാവ്. അവനു പിന്നെ എന്ത് തോന്നിവാസവും കാണിക്കാം കാരണം അവനെ സംരക്ഷിക്കാന്‍ അവന്‍റെ പാര്‍ട്ടി ഉണ്ട്, അധികാരമുണ്ട്‌, അവന്റെ കീഴിലുള്ള നിയമപാലകരുണ്ട് ഇനി ആരെ പേടിക്കാന്‍ വോട്ട് തന്ന ജനത്തെയോ? എന്തിന്എനിക്ക് എതിരെ ശബ്ദം ഉയര്‍ത്തിയാല്‍ അല്ലെങ്കില്‍ സര്‍ക്കാരിനെ കുറ്റം പറഞ്ഞാല്‍ അവന്‍ മറ്റേ പാര്‍ട്ടി, ഇനി വൈകാരികമായി ചെയ്താലോ/പറഞ്ഞാലോ അവന്‍ തീവ്രവാദി. കഴിഞ്ഞില്ലേ കാര്യം?. ഇതാണ് ഇന്ന് ഇന്ത്യയുടെ ഭരണവും രാഷ്ട്രീയവും. 



ഇനി ആശ്രയം കോടതിമുറികള്‍  പക്ഷെ ഏകപ്രതീക്ഷയായ അതും അസ്ഥാനത്താണ്.  കൈയില്‍ പൂത്ത കാശുണ്ടോ എങ്കില്‍ നല്ല വക്കിലിനെ കിട്ടും, തെളിവുകള്‍ മുക്കാം പൊക്കാം കോടതിയില്‍ സത്യത്തെക്കാള്‍ പ്രാധാന്യം തെളിവുകള്‍ക്കും വക്കീലിന്‍റെ വാദിച്ചു ജയ്ക്കാനുള്ള  സാമര്‍ത്ഥ്യത്തിലുമാണ്. തെളിവുകള്‍ക്കും വക്ക്ചാതുര്യത്തിനും പ്രാധാന്യം കൂടുമ്പോള്‍ പലപ്പോഴും സത്യത്തിന്‍റെ സ്ഥാനം പടിക്ക് പുറത്തായിരിക്കും.



മാറ്റങ്ങള്‍ ഇവിടെ നിന്ന് തുടങ്ങണം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധി ജനസേവകന്‍ ആയിരിക്കണം അല്ലാതെ അവന്‍റെ മേലധികാരി ആവരുത്. അതിനും ഒരു നിയമം വേണം പൊതുപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരേയും നിയമപലകരെയും നിയന്ത്രിക്കാനും ശിക്ഷിക്കാനുമുള്ള നിയമം വരണം. നിയമത്തെ അല്ലെങ്കില്‍ തന്റെ പദവിയെ ചൂക്ഷണം ചെയ്യുന്നവരെ മാതൃകപരമായി ശിക്ഷിക്കാനുമുള്ള നിയമം വരണം. കൊല്ലരുത് കൊല്ലാതെ കൊല്ലണം അതുപോലുള്ളവ ആയിരിക്കണം ശിക്ഷ. നിയമത്തെ കബളിപ്പിച്ചു ഒരാളെ, ഒരു സമൂഹത്തെ വഞ്ചിച്ചാല്‍ അതിനുള്ള അര്‍ഹമായ ശിക്ഷയാണ് കൊല്ലാതെ കൊല്ലുക. 





ജനങ്ങളില്‍ അധികാരം എത്തണം. അതിനായി ഏതൊരു ഭരണധികാരിയുടെ മുകളിലും ജനതയുടെ അധികാരം വേണം. ഇപ്പോള്‍ അഞ്ചുവര്‍ഷത്തേക്കാണ്  ഒരാളെ തിരഞ്ഞെടുക്കുന്നത് അതിനു ശേഷം ജനങ്ങള്‍ക് വേണ്ടന്നു തോന്നിയാല്‍ അവരെ പിന്‍വലിക്കാന്‍ ആവുമോ ഇല്ല. അതിനാല്‍ എപ്പോഴും ആക്ടിവ് ആയ ഒരു വോട്ടിംഗ് സിസ്റ്റം ആവശ്യമാണ്. അറുപത് അല്ലെങ്കില്‍ എഴുപത് ശതമാനം ജനപിന്തുണ കുറയുന്ന പക്ഷം അയാള്‍ പുറത്ത്. ഇങ്ങനെയല്ലങ്കില്‍ അല്ലെങ്കില്‍ ഇതുപോലുള്ള സംവിധാനങ്ങള്‍ വരണം എങ്കിലേ ജനങ്ങളില്‍ ഭരണം വരുന്നുള്ളൂ. അല്ലെങ്കില്‍ ജയിച്ചു പോകുന്നവന്‍ തോന്നുന്ന ഭരണം നടത്തും.


ഇന്ത്യന്‍ വിപ്ലവം

കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന നഗരി പ്രക്ഷോഭങ്ങളില്‍ പ്രകമ്പനം കൊണ്ട ദിവസമായിരുന്നു. അതും സോഷ്യല്‍ മീഡിയകളില്‍ കൂടിയുണ്ടായ ആഹ്വാനപ്രകാരം. ഈ സംഭവം ചൂണ്ടികാണിക്കുന്നത് ഇന്ത്യയിലെ ഭരണകൂടവും ജനതയില്‍ നിന്ന് അകലുന്നു,ജനങ്ങള്‍ ഭരണത്തില്‍ അസംതൃപ്ത്തരാണ്. ചിലപ്പോള്‍ ഇവിടെയും ഒരു മുല്ലപ്പൂ വസന്തം വിരിഞ്ഞേക്കം. ഒരു പക്ഷെ എന്നിലും നിങ്ങളിലും എല്ലാം സമാനമായ ചിന്തകളാകാം,കാരണം ഇന്നത്തെ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് ബഹുദൂരം അകലെയാണ്.ദിവസേന പെട്രോളിനും ഡീസലിനും വിലകൂട്ടി , അവശ്യസാധനങ്ങള്‍ക്ക് വിലകയറ്റി ജനം പൊറുതിമുട്ടിക്കുമ്പോള്‍ രാജ്യത്തിന്‍റെ പ്രധാനിയുടെ അഭിപ്രായം ഇതാണ് നമ്മുടെ രാജ്യം പുരോഗതിയിലേക്ക് കിടക്കുന്നതിന്‍റെ ഭാഗമാണെന്ന്. എന്തെ അദ്ദേഹം  മുന്നോട്ട് കണ്ട രാജ്യം സാധാരണ ജനങ്ങള്‍ പട്ടിണികിടന്നു മരിച്ച സമ്പന്നരുടെ ഇന്ത്യയാണോ? ചെകിട് തീര്‍ത്ത് കിട്ടാത്തതിന്‍റെ കുറവ്.  ദിവസം തോറും അഴിമതിയും, നീതികേടും പെരുകുന്നു, പലപ്പോഴും സത്യത്തിന് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുന്നു. ഭരണകര്‍ത്താക്കള്‍ സാധാരണകാരന്‍റെ പ്രശ്നങ്ങളെ വകവെക്കാതെ കൊടികുത്തിയ കാറുമായി തോന്നുംവിധം തലങ്ങും വിലങ്ങും ഓടുന്നു. ഇന്ത്യമഹാരാജ്യത്തിന്‌ ഒരു പ്രസിഡണ്ട്‌, പ്രധാനമന്ത്രി ഉണ്ടെന്നു പോലും പലരും മറന്നുപോയിരിക്കുന്നു. കൊടീശ്വരന് ധനസഹായകൊടുക്കുന്നത് അവന്‍റെ കടങ്ങള്‍ തീര്‍ക്കുന്നത് പാവപെട്ടവന്റെ പിച്ചചട്ടിയില്‍ കയിട്ടുവാരികിട്ടുന്ന ഖജനാവിലെ നികുതി പണം,   മൃഷ്ടാന്നം കഴിച്ചു മാളികയില്‍ കഴിയുന്ന ഭരണാധികാരികളുടെയും കൊടിശ്വരന്മാരുടെയും ഭാരങ്ങള്‍ താങ്ങാന്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും. ഇതാണ് ഇന്ന് ഇന്ത്യന്‍ ജനാധ്യപത്യം, ഭരണം 

ഈ തോന്നിവാസം നീണ്ടുപോയാല്‍ ഒരിക്കല്‍ അവര്‍ ക്ഷമയുടെ നെല്ലിപലക ചവിട്ടും അന്ന് നമ്മുടെ രാജ്യം കത്തും, ഭരണാധികാരികള്‍ തെരുവുകളില്‍ ചവിട്ടിമെതിക്കപ്പെടും. പക്ഷെ അതുകൊണ്ടൊന്നും രാജ്യം കരകേറില്ല ഇന്ത്യയെ സംബന്ധിച്ച് നോക്കിയാല്‍ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലോട്ടായിരിക്കും ആ വിപ്ലവങ്ങള്‍ നയിക്കുക. അവസാനം ഇന്ത്യ ചപ്പാത്തി മുറിച്ചിട്ടതുപോലെ പലകഷണങ്ങളാകും അതായിരിക്കും വിപ്ലവത്തിന് ശേഷം ഇന്ത്യ. അതിനു പലകാരണങ്ങള്‍ ഉണ്ട്, എന്നത്തെയും പോലെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയകാരെ പോലെ അല്ലെങ്കില്‍ സമാന ചിന്താഗതിക്കാര്‍ ഇങ്ങനുള്ള വിപ്ലവങ്ങള്‍ ഹൈജാക്ക് ചെയ്യും. ഒരു കൂട്ടം ആളുകള്‍ ഒന്നും അറിയാതെ ആ ഭ്രാന്തന്മാരുടെ പുറകെ പോകും, അവരുടെ ഭ്രാന്തമായ പ്രവൃത്തികള്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കും.

നമ്മുടെ രാജ്യത്ത് പലജാതി, പലമതം. ഇത്രയും പോരെ പൊടിപൂരം. ആരും നിയന്ത്രിക്കാന്‍ ഇല്ലാത്ത ആ അവസ്ഥയില്‍ ഏതെങ്കിലും ഒരുത്തന്‍റെ പള്ളിയോ അമ്പലത്തിനോ കല്ലെറിഞ്ഞാല്‍ മതി, അല്ലെങ്കില്‍ ഏതെങ്കിലും ഒരുത്തന്‍ പറഞ്ഞ് ഇളക്കിയാല്‍ മതി അങ്ങ് തെക്ക് കത്തിച്ചു കൊന്നു എന്ന് ഹാവൂ പിന്നെ ഈ രാജ്യം ചുടുകളമായിരിക്കും.  ഇന്ന് പലര്‍ക്കും രാജ്യത്തെക്കാള്‍ സ്നേഹവും കൂറും മതത്തതോടാണ് . ഏതേലും പമ്പരവിഡ്ഢിയായ മതമേലധികാരി മൂളാന്‍ നോക്കിനില്‍ക്കുയാണ് കൊടിയും പിടിചിറങ്ങാന്‍ ( ചിലരുടെ രാഷ്ട്രീയവും ഇങ്ങനെയാണ്.) അവര്‍ പറയുന്നതിന്‍റെ പൊരുള്‍ പോലും നോക്കാതെ കഴുതയെപോലെ അങ്ങനെ തന്നെ അങ്ങനെ തന്നെ എന്ന് വിളിച്ചു പുറകെ പോകും. 

ഇനി നമ്മുടെ രാജ്യത്തിന്‍റെ മറ്റൊരു പ്രത്യേകത പലഭാഷക്കാര്‍, വിപ്ലവം  ഇപ്പോഴുള്ള ഇപ്പോഴുള്ള ഭരണാധികാരികളെ ചവിട്ടി മെതിക്കും, അതിനു ശേഷം പിന്നെ ഭാഷഅടിസ്ഥാനത്തില്‍ രാജ്യം വേണമെന്ന് ചിലപ്പോള്‍ അവകാശപെട്ടെക്കാം. അതിനു വേണ്ടി കൊള്ളയും കൊള്ളിവെയ്പ്പും നടക്കും.ഒരിക്കല്‍ നമ്മുടെ ഒരു അയല്‍ സംസ്ഥാനം അവരുടെ ഭാഷ ദേശിയഭാഷ ആകണമെന്ന് അവകാശപെട്ടതാണ്, ആവശ്യം അംഗീകരിക്കാന്‍ അവര്‍ സകല പോക്രിത്തരങ്ങള്‍ കാണിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ കൂടി ഉണ്ടാകുന്ന വിപ്ലവം ഇന്ത്യയില്‍ വന്നാല്‍ ഉണ്ടാകാന്‍ പോക്കുന്ന കാര്യങ്ങളാണിത്. കാരണം ആരാലും നയിക്കാനില്ലാതെ അവിടെയും ഇവിടെയും കണ്ടതും കേട്ടതുമായ കാര്യങ്ങളിലൂടെ വളരുന്ന പ്രതിഷേധമായിരിക്കും സോഷ്യല്‍നെറ്റുവര്‍ക്ക് വിപ്ലവം. ചിലസ്ഥലങ്ങളില്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ അടിസ്ഥാനമാക്കി സമരങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെടും. കഴിഞ്ഞ ഹസാരെ സമരങ്ങള്‍ അതിനു ഉത്തമ ഉദാഹരണമാണ്. അതിനാല്‍ തന്നെ ഒരു നവവിപ്ലവം ഇന്ത്യയില്‍ ഉണ്ടായാല്‍ പോലും നമുക്ക് നല്ലൊരു ജീവിതം സമ്മാനിക്കുവാന്‍ സാധ്യതയില്ല. വീണ്ടും കൈയ്പ്പ് നിറഞ്ഞ ജീവിതങ്ങള്‍ നാം കാണേണ്ടി വരും.

എന്ത് തന്നെയായാലും നമ്മുടെ കാര്യം കട്ട പൊക ഒന്നെങ്കില്‍ നമ്മുടെ ഇപ്പോഴുള്ള ഭരണാധികാരികള്‍ നമ്മുടെ കട്ടയും പെട്ടിയും പൂട്ടിക്കും അല്ലെങ്കില്‍ അവരായി ഉണ്ടാക്കിയ നമ്മളായി തുടങ്ങിയ വിപ്ലവം നമ്മുടെ കട്ടയും പെട്ടിയും പൂട്ടികും, എന്തായാലും ഒന്ന് ഉറപ്പ് പിച്ചച്ചട്ടി.



Wednesday 24 October 2012

സഖാവ് ജനപക്ഷത്തോ.?






എനിക്ക് ഈ പോസ്റ്റിലൂടെ ആരെയും വക്തിഹത്യ നടത്താന്‍ ഉദ്ദേശമില്ല. എന്നാല്‍ ഇന്ന് നമ്മുടെ രാഷ്ട്രിയകേരളത്തില്‍ ഏറ്റവും ജനസമ്മതി ആര്‍ജിച്ച നേതാവാണ്‌ പ്രതിപക്ഷനേതാവ് വി സ് അച്യുതാനന്ദന്‍. പക്ഷെ  ഇന്ന് അദ്ധേഹത്തിന്റെ ഈ ജനസമ്മതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനു കാരണം അദ്ധേഹത്തിന്റെ വാക്കുകളിലെയും പ്രവര്‍ത്തികളിലെയും വൈരുധ്യങ്ങളാണ്. അതോക്കോ പറയുന്നതിന് മുന്പ് സഖാവിന്റെ രാഷ്ട്രിയ വളര്‍ച്ച എങ്ങനെയെന്ന് പറയുക ആവശ്യമെന്ന് തോന്നുന്നു.

വി സ് അച്യുതാനന്ദന്‍


1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ജനനം. ഏഴാംതരം വരെ വിദ്യാഭ്യാസം. 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. 1939 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് ഉള്‍പ്പടെ അഞ്ചരവര്‍ഷം ജയില്‍ വാസം അനുഷ്ടിക്കുകയും നാലരവര്‍ഷം ഒളിവില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയുംചെയ്തു. ആവിഭക്ത കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ കൌണ്‍സില്‍ അംഗമായിരുന്നു. 1964- ല്‍ സി.പി.ഐ(എം) രൂപികരിച്ചപ്പോള്‍ സി.പി.ഐ ദേശിയ കൌണ്‍സില്‍ വിട്ട മുപ്പത്തിരണ്ട്  സഖാക്കളില്‍ പ്രധാനി. 1980 മുതല്‍ 1992 വരെ സംസ്ഥാനകമ്മറ്റി സെക്രട്ടറിയായിരുന്നു. 1985 മുതല്‍ 2009 വരെ സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. 1967, 1970, 1990, 2001 തിരഞ്ഞെടുപ്പുകളില്‍ കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപെട്ടു. 2006 മുതല്‍ 2011 വരെ കേരളമുഖ്യമന്ത്രിയായിരുന്നു. 1992 മുതല്‍ 1996 വരെയും  2001മുതല്‍  2006 വരെയും നിയമസഭപ്രതിപക്ഷനേതാവുമായിരുന്നു.

സഖാവ് എങ്ങനെ ജനകീയനായി....?

സഖാവിന്റെ ബാല്യം അത്ര ശുഭകരമായഒന്നല്ലയിരുന്നു. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ട്ടപ്പെട്ടു. തുടര്‍ന്ന് അച്ഛന്റെ സഹോദരിയുടെ സംരക്ഷണയില്‍ വളര്‍ന്ന സഖാവ് ഏഴാംക്ലാസ് പഠനം നിര്‍ത്തി ജ്യേഷ്ഠന്‍റെ കൂടെ തുണികടയില്‍ സഹായിയായി ജോലി ചെയ്തു പോന്നു. അന്ന് നിവര്‍ത്തന പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരുന്ന സമയം അതില്‍ പ്രചോദനം ഉള്‍ക്കൊണ്ട്‌ കോണ്‍ഗ്രസില്‍ ചേരുകയും തുടര്‍ന്ന് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുകയും ചെയ്തു.

സഖാവ് ആദ്യകാലങ്ങളില്‍ ആലപ്പുഴയിലെ കര്‍ഷകസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സര്‍ സി.പി യുടെ പോലീസിനെതിരെ സമരങ്ങള്‍ നടത്തിയും ,പാര്‍ട്ടി അംഗത്വം അത്ര സുരക്ഷിതമല്ലാത്ത ആ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചും, പാര്‍ട്ടിയുടെ നേതൃത്വനിരയിലെത്തി. അതിനിടക്ക് കൊടിയ മര്‍ദ്ദനങ്ങളും ശിക്ഷകളും അനുഭവിക്കേണ്ടി വന്നു. തുടര്‍ന്ന്‍ സഖാവ് ഒട്ടേറെ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോപങ്ങള്‍ സംഘടിപ്പിക്കുകയും രാഷ്ട്രിയകേരളത്തില്‍ ബഹുമാന്യനായ നേതാവായി. പാര്‍ട്ടിയിലെയും പൊതുരംഗത്തെയും കര്‍ക്കശനിലപാടുകളാണ് സഖാവിനെ ശ്രദ്ധേയനാക്കിയത്.

എന്നാല്‍ ജനസമ്മതനായ നേതാവാകുന്നത് കഴിഞ്ഞ തവണ പ്രതിപക്ഷനേതാവായിരുന്നപ്പോഴാണ്. അന്ന് സഖാവ് ഒട്ടനവധി വിവാദങ്ങളില്‍ സ്വീകരിച്ച നിലപാടുകളാണ് സാധാരണ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചായിരുന്നു.  മതികെട്ടാന്‍ വിവാദം, കിളിരൂര്‍ പെണ്‍വാണിഭകേസ്, ഐസ്ക്രീം പാര്‍ലര്‍ കേസ്, ഇവയിലോക്കെ സ്വീകരിച്ച നിലപാടുകള്‍ പെട്ടെന്ന് ജനപ്രീതി പിടിച്ചു പറ്റി.

അതിനു ശേഷം ഭരണപക്ഷത്ത് ഇരുന്നപ്പോള്‍ അഴിമതി കേസില്‍ ഒരു മുന്‍മന്ത്രിയെ (ബാലക്കൃഷ്ണപിള്ള) ജയിലില്‍ കയറ്റി. ഒരു മന്ത്രിസ്ഥാനം  അലങ്കരിച്ച വ്യക്തിക്ക് അഴിമതികേസില്‍ തടവ്‌ശിക്ഷ കിട്ടുന്നത് നമ്മുടെ രാഷ്ട്രിയകേരളത്തിലാദ്യം. അനന്തരഫലമായി പലരും സഖാവിനെതിരെ തിരിഞ്ഞു. വ്യക്തിപരമായി പോലും, എന്നാല്‍ അവക്കൊന്നും അദ്ധേഹത്തിന്റെ പോരാട്ടത്തെ തളക്കാനായില്ല.  അതുപോലെ സഖാവിനെ  ഏറ്റവും ജനപ്രിയനാക്കിയ നടപടി മൂന്നാര്‍ കൈയേറ്റം  ഒഴിപ്പികല്‍ നടപടിയാണ്.മൂന്നാര്‍ ദൌത്യത്തിന്റെ അവസാനം സഖാവിനു ചിലപേരുദോഷങ്ങള്‍ ഉണ്ടാക്കികൊടുത്തുവെങ്കിലും ഭൂരിപക്ഷം ജനഹൃദയങ്ങളിലും അദ്ധേഹത്തെ ഒരു ജനപക്ഷ നേതാവെന്ന നിലയിയിലേക്ക് കൊണ്ടുവന്നു.

സഖാവ് ജനപക്ഷത്തോ..?

ഇന്ന് സഖാവ് സ്വീകരിക്കുന്ന നിലപാടുകള്‍ കണ്ടാല്‍ പലപ്പോഴും തെറ്റിദ്ധരിച്ചു പോവും... വിവാദവിഷയങ്ങളില്‍ ആദ്യം ജനതാല്പര്യം പോലെ നിലപാടുകള്‍ സ്വീകരിക്കുകയും, എന്നാല്‍ പാര്‍ട്ടി യോഗങ്ങളില്‍ തനിക്കെതിരെ പ്രമേയെങ്ങള്‍ വരുമ്പോള്‍  അദ്ധേഹം തന്റെ നിലപാടുകള്‍ തെറ്റാണെന്ന് അവിടെ പ്രസ്താവന നടത്തുകയും ചെയ്യുന്നു. അവസാനമായി അദ്ധേഹം പാര്‍ട്ടി കമ്മറ്റിയില്‍ മാപ്പ് പറഞ്ഞത് കൂടംകുളം സന്ദര്‍ശനവും അതിനോട് സീകരിച്ച നിലപാടിനെക്കുറിച്ചുമാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇത്തരം പ്രവര്‍ത്തികള്‍ പലതവണ സഖാവിന്റെ പക്ഷത്ത് നിന്നുണ്ടായി.

ഇവിടെയാണ് ചോദ്യമുയരുന്നത് സഖാവ് ജനപക്ഷത്തോ? സഖാവും അധികാര മോഹിയോ? അധികാരത്തിന്റെ ഭ്രമം അദ്ധേഹത്തെയും പിടികൂടിയോ?

സഖാവിന്റെ പൂര്‍വ്വകാല ചരിത്രത്തില്‍ പലരും വിലയിരുത്തുന്നത് പാര്‍ട്ടിക്കുള്ളില്‍ പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന നേതാവെന്ന വിമര്‍ശന നിലപടോടെയാണ്. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇതാണ് പാര്‍ട്ടിയില്‍ അദേഹത്തിനെതിരായ പ്രധാന ആരോപണം. ഒരിക്കല്‍ പാര്‍ട്ടിയിലെ അതിശക്തരായ നേതാക്കളായിരുന്നു കെ ര്‍ ഗൌരിയമ്മയും, എം.വി രാഘവനും . ഇവരെ പുറത്താക്കാന്‍ സഖാവ് ചുക്കാന്‍ പിടിച്ചുവെന്നും ആരോപിക്കപ്പെടുന്നു.

ഇന്ന് സഖാവിന് പാര്‍ട്ടി തലപ്പത്ത് സ്വാധീനം കുറവാണ്. പക്ഷെ പണ്ടൊരിക്കല്‍  വലിയൊരു പിന്തുണതന്നെ പാര്‍ട്ടിക്കുള്ളില്‍ സഖാവിന് ഉണ്ടായിരുന്നു. അത് ശോഷിച്ച് തുടങ്ങിയത് 92 ലെ സംഘടന തിരഞ്ഞെടുപ്പിന് ശേഷമാണ്. അന്ന് അദ്ധേഹത്തിന്റെ ആശീര്‍വാദത്തോടെയാണ് ഇന്നത്തെ നേതാവ് വരുന്നത്. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റുകയും  പാര്‍ട്ടിക്കുള്ളില്‍ ഭരണത്തിനായി മല്‍സരം തന്നെ നടക്കുകയും ചെയ്തു പോരുന്നു. ഈ മത്സരത്തില്‍ തന്‍റെ പക്ഷത്തുള്ളവര്‍ക്ക് സഖാവിന്‍റെ പരസ്യപിന്തുണ ഇല്ലെങ്കിലും രഹസ്യപിന്തുണ ഉണ്ടെന്നാണ് ആരോപണം.

പാര്‍ട്ടിയില്‍ തനിക്കുള്ള ഭൂരിപക്ഷം കുറയുന്നുവന്നു തോന്നിയപ്പോള്‍ മുതലാണ് വിവാദവിഷയങ്ങളില്‍ കാര്യമായി  ജനതാല്പര്യടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഇതിലൂടെ സഖാവ് പ്രതീക്ഷിച്ചത് രണ്ടുകാര്യങ്ങളാണ്‌, ഒന്ന് പാര്‍ട്ടിയില്‍ ഈ ജനപിന്തുണകൊണ്ട് തനിക്ക് നഷ്ട്ട്ടപെട്ട പ്രതാപം വീണ്ടെടുക്കാം മറ്റൊന്ന് തന്നെ പാര്‍ട്ടി കറിവേപ്പിലപോലെ തള്ളില്ല.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ഏതൊരു രാഷ്ട്രിയകാരെനെപോലെയും സഖാവിനും അധികാരമോഹം ഉണ്ടെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ഒരു യഥാര്‍ത്ഥ ജനപക്ഷനേതാവും, വിപ്ലവകാരിയുമായ നേതാവുമാണെങ്കില്‍ തന്‍റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയല്ലേ ചെയ്യേണ്ടത്? പാര്‍ട്ടി തെറ്റായമാര്‍ഗത്തില്‍ പോകുന്നുവെന്ന് കാണുമ്പോള്‍ അതിനെ ചൂണ്ടികാണിക്കേണ്ട ചുമതലയില്ലേ? അവര്‍ അംഗീകരിക്കുന്നില്ല എന്ന് കാണുമ്പോള്‍ മാപ്പ് പറഞ്ഞു ആ പ്രസ്ഥാനത്തില്‍ നില്‍ക്കുക എന്നത് ജനങ്ങളെ സ്നേഹിക്കുന്ന ഒരു വിപ്ലവകാരിക്ക് ചേര്‍ന്ന് പ്രവര്‍ത്തിയാണോ?

ഇതിന്റെ മറുവശം എന്നത് ഇനി സഖാവ് താന്‍കൂടി ചേര്‍ന്ന് വളര്‍ത്തിയ വലുതാക്കിയ പ്രസ്ഥാനം വിട്ട് പുറത്തുവന്നാല്‍ അതല്ലെങ്കില്‍ പുറത്താക്കിയാല്‍ മറ്റൊരു പ്രസ്ഥാനം  ഇതുപോലെ കെട്ടിപ്പടുക്കുക അസാധ്യം. അപ്പോള്‍ ജനസമൂഹത്തില്‍ ഇപ്പോള്‍ കിട്ടുന്ന പരിഗണന പോലും ഉണ്ടാവില്ലെന്ന് സഖാവിനറിയാം. അതിനാല്‍ തന്നെ ആ സാഹസത്തിന് ഇറങ്ങിപുറപ്പെടാന്‍ ചാന്‍സും കുറവാണ്.

സഖാവിനെ അനുകൂലിക്കുന്നവര്‍ ഇതിനെയെല്ലാം പ്രധിരോധിക്കുന്നത് പാര്‍ട്ടിവിട്ട് വരാത്തത് പാര്‍ട്ടിയെ അത്രയധികം സ്നേഹിക്കുന്നതിനാലാണ് എന്ന സെന്റിമെന്റ്ലോടെയാണ്. അങ്ങനെയെങ്കില്‍ നേരത്തെ പറഞ്ഞകാര്യമാണ് എനിക്ക് വീണ്ടും പറയാന്‍ ഉള്ളത് പ്രസ്ഥാനം വഴി തെറ്റുമ്പോള്‍ ചൂണ്ടികാണിക്കണം.അല്ലാതെ തെറ്റായ വഴിയില്‍ പോകുന്നുവെന്ന് തോന്നുന്ന പ്രസ്ഥാനത്തില്‍ കടിച്ചുതൂങ്ങികിടക്കരുത്.

തന്‍റെ നിലപാടുകള്‍ സംഘടന നേതൃത്വത്തിന്‍റെ മുന്നില്‍ മാറ്റുന്ന രാഷ്ട്രിയം ഒരിക്കലും ഒരു ജനപക്ഷവാദിയുടെതല്ല. അവസരത്തിനൊത്ത് അധികാരത്തിനായി വാക്കുകള്‍ മാറ്റുന്ന ഒരു കുശാഗ്രബുദ്ധിയായ രാഷ്ട്രിയകാരനെ മാത്രമേ കാണുവാന്‍ സാധിക്കൂ.

ഇങ്ങനോയോക്കോയാണെങ്കിലും സഖാവിന്‍റെ  ജനകീയനിലപാടുകള്‍ കുറച്ചു പേര്‍ക്കെങ്കിലും പ്രചോദനമായിട്ടുണ്ട്. എന്നാല്‍ അവര്‍ സഖാവിനോട് കാണിച്ച കൂറ് സഖാവിന് അങ്ങോട്ട്‌ കാണിക്കാനായില്ല എന്നതാണ് സത്യം. ഒരുപക്ഷെ തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും അതിനെതിരെ പോരാടുകയും ചെയ്താല്‍ താന്‍ ചോരനീരാക്കി വളര്‍ത്തിയ പ്രസ്ഥാനം പുറത്താക്കിയെക്കാം, എന്നാല്‍ മനസ്സ് മരവിച്ചിട്ടില്ലാത്ത ഒരു പറ്റം ജനസമൂഹത്തില്‍ താങ്കള്‍ ഒരു വീരയോദ്ധാവായിരിക്കും. നേരിന് വേണ്ടി പോരാടിയ പോരാളി.



Thursday 11 October 2012

വളരുന്ന ലോകവും തളരുന്ന തലമുറയും



നമ്മുടെ ലോകം പ്രകാശവേഗത്തില്‍ ആത്മാര്‍ത്ഥത ഒട്ടും ഇല്ലാത്ത പുതുമ നിറഞ്ഞ മായകാഴ്ചകളിലേക്ക് കുതിക്കുയാണ്.   ഒപ്പമെത്താന്‍ നാമും കുതിക്കുകയാണ്പലരും വഴിയില്‍ തളര്‍ന്നുപോകുന്നു. അല്ലെങ്കില്‍ ആരെങ്കിലും തളര്‍ത്തുന്നു. ഗ്രാമങ്ങളിലേക്കും നാഗരികത അതിന്റെ സ്വാര്‍ത്ഥമുഖവുമായി കടന്നു വരികയാണ്. ഇന്ന് വളര്‍ന്നുവരുന്ന പുതുലോക തലമുറ സ്വാര്‍ത്ഥതയുടെ കൈപിടിയില്‍ ഒതുങ്ങുവാന്‍ താല്‍പ്പര്യപെടുകയാണ്. സ്വാര്‍ത്ഥത അവരെ സ്വന്തം ജീവിതം മാത്രം നോക്കി ജീവിക്കാന്‍  പ്രേരിപ്പിക്കുന്നു. അവിടെ സ്നേഹബന്ധങ്ങള്‍ക്ക് വെറും കീറകടലസിന്റെ വില മാത്രം.  സ്നേഹബന്ധങ്ങള്‍ വെറും അഭിനയം മാത്രം ആകുമ്പോള്‍  സ്നേഹം വലിയൊരു കള്ളമായി മാറുന്നു. ഒരു മനുഷ്യന് ഉണ്ടാവേണ്ട കരുണസ്നേഹം, വിട്ടുവീഴ്ചഇതൊന്നും ഇന്ന് വളര്‍ന്നു വരുന്ന പല കുട്ടികളിലും കാണാനില്ല. ഇതിനെ തലമുറയുടെ വ്യതിയാനം എന്ന രീതിയില്‍ പലരും വ്യഖ്യാനിക്കുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രശ്നം അല്ല എന്നാണ് എന്റെ പക്ഷം. ഇത് നമ്മളായി വരുത്തിവച്ച വിനയാണ്.

ഈ തലമുറ ഇങ്ങനെ ആയി തീര്‍ന്നതിനു കാരണം നമ്മള്‍ ഓരോരുത്തരുമാണ്പണ്ടുകാലത്ത് സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലെങ്കിലുംകുട്ടികളും യുവാക്കളും കുടുംബപശ്ചാത്തലത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മാനവിക ഞ്ജാനം കൈവരിച്ചിരുന്നു. അന്ന് സ്കൂള്‍ വിദ്യാഭ്യാസം എന്നത് സാധാരണകാരന് അത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നല്ലായിരുന്നു. അതുകൊണ്ട് ആദ്യകാല തലമുറ അക്ഷര ഞ്ജാനം കൊണ്ട് പുറകില്‍ ആയിരുന്നെങ്കിലും അവര്‍ സമൂഹത്തോടും കുടുംബങ്ങളോടും ഇഴചേര്‍ന്നു ജീവിച്ചവര്‍ ആയിരുന്നു.  ഇന്നത്തെ കുടുംബ സാമൂഹ്യക പശ്ചാത്തലങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും   വളര്‍ന്നു വരുന്ന തലമുറ തന്റെ ജീവിതം മാത്രം കൂട്ടുപിടിച്ച് മുന്നോട്ടു കുതിക്കുവാന്‍ ഒരുങ്ങുന്നു. അവര്‍ക്ക് മുന്നില്‍ കുടുംബംസമൂഹംതുടങ്ങിയ സ്നേഹബന്ധങ്ങളൊന്നും തടസ്സമാവുന്നില്ല. വളര്‍ന്നു വരുന്ന തലമുറ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്നു വരുന്നു. അവര്‍ സമൂഹ്യമൂല്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല. അവയെല്ലാം പുച്ഛമനോഭവത്തോടെ നോക്കി കാണുന്നു. 

ഇങ്ങനെയുള്ള ഈ മാറ്റങ്ങള്‍ക്ക് കാരണം നമ്മള്‍ ചെറുപ്പംതൊട്ടു ശീലിച്ചു വന്ന രീതികള്‍ കൊണ്ടാണ്. അവയിലെ പ്രശ്നങ്ങള്‍ കൊണ്ടാണ്. ഇന്ന് അംഗന്‍വാടി എന്ന് കേട്ടാല്‍ പല കുട്ടികളും വാ പൊളിക്കും അവര്‍ക്ക് പരിചിതം നേഴ്സറിയാണ്. ഒരു കുട്ടിക്ക് നാലുവയസ്സ് ആകുമ്പോള്‍ തുടങ്ങും പഠനജീവിതം
. നേഴ്സറി, എല്‍ കെ ജി, യു കെ ജി. ഒന്നാം ക്ലാസ്സ്‌ എത്തുന്നതിനു മുന്‍പ് മൂന്നു തരം പഠനമുറികള്‍ എന്നാല്‍ പണ്ട് ഈ വിദ്യാഭ്യാസം അംഗന്‍വാടിയില്‍ ഒതുങ്ങിയിരുന്നു.   ഈ ക്ലാസ്സ്‌ മുറികള്‍ ബാല്യത്തിലെ അവന്റെ മനസ്സിലെ സ്വാര്‍ത്ഥമത്സരാര്‍ത്ഥിയെ ഉണര്‍ത്തുകയാണ്. ആര്‍ത്തുല്ലസിച്ച് ജീവികേണ്ട ആ പ്രായത്തില്‍ പഠനഭാരവും അതിന്റെ ആകുലതയും ആ പിഞ്ചുമനസ്സിലെ ചിന്തകളെ മറ്റൊരുതലത്തിലേക് നയിക്കുന്നു. ഈ പ്രായത്തില്‍ തന്നെ കുട്ടികളെ കൂട്ടുകാരുമൊത്ത് വീടിനു പുറത്തു വിടാനൊന്നും ഒരു മാതാപിതാക്കള്‍ക്കും ഇഷ്ട്ടമല്ല.

അതിനു പലകാരണങ്ങള്‍ ഉണ്ട്. ഒന്ന് മക്കള്‍ വഴിപിഴച്ചു പോകും എന്നാ അബദ്ധധാരണ, ഇത് അബദ്ധധാരണയാണെന്ന് പറയാന്‍ കാരണം മക്കളെ ലോകത്തെ അവരുടെ കണ്ണില്‍ കൂടി കാണുവാന്‍ പഠിപ്പിക്കണം.  അതിലെ തെറ്റും ശരിയും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കുക. അല്ലാതെ വീട്ടില്‍ പൂട്ടി ഇട്ടാല്‍ ഒരു കുട്ടിയും നന്നാവില്ല. അതിനു പകരമായി കുട്ടികള്‍ക്ക് വീട്ടില്‍ കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നീസജീകരണങ്ങള്‍ എല്ലാം ഒരുക്കി കൊടുക്കും. പിന്നീടു അവര്‍ ഈ ഉപകരണങ്ങള്‍ക്ക് അടിമയാകുകയും. അത് നല്‍ക്കുന്ന മായ ലോകത്ത് മുഴുകി ഇരിക്കുകയും ചെയ്യും.  പിന്നീട് അവര്‍ക്ക് അതാണ് ലോകം. എന്നാല്‍ ഇന്ന് ഈ ഉപകരണങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ അപകടം പതിയിരിക്കുന്നത്‌ എന്ന് മാതാപിതാക്കള്‍ മനസ്സിലാക്കുന്നില്ല. മാതാപിതാക്കള്‍ പലരും ഇന്ന് കുട്ടികളുടെ മേല്‍ പ്രതീക്ഷ വെക്കുന്നത് ഉയര്‍ന്ന ഉധ്യോഗത്തില്‍ നിന്നും ലഭിക്കുന്ന പണത്തിലാണ്. അതിനാല്‍ അവരെ ആ രീതിയില്‍ പഠിപ്പിക്കുകയും അതിനായി മാത്രം ഉണ്ടാക്കിയ റോബോട്ടിനെ പോലെ അനുസരിപ്പികാന്‍ ശ്രമിക്കുകയും ചെയ്യും. അവന്റെ സ്കൂള്‍ ജീവിതവും ആ രീതിയില്‍ തന്നെയായിരിക്കും. ഏതെങ്കിലും കുട്ടികള്‍ മണ്ണില്‍ കളിക്കുന്നതോ മറ്റോ കണ്ടാല്‍ വീഴും അരുതെന്ന ആക്രോശം. മണ്ണില്‍ കളിക്കുന്നത് ചീത്ത കുട്ടികള്‍,.

അവര്‍ മുതിര്‍ന്ന ക്ലാസ്സുകളിക്ക് പ്രവേശിക്കുമ്പോഴും സ്ഥിതി വ്യത്യസ്തമൊന്നുമല്ല.മറിച്ച് പഠന ഭാരവും അതിന്റെ പിരിമുറുക്കങ്ങളും ഏറിയിരിക്കും. പണ്ടൊക്കെ സ്കൂള്‍ പഠനം എന്ന്പറഞ്ഞാല്‍ പ്രകൃതിയോടു ഇഴചേര്‍ന്ന പഠനം ആയിരുന്നു. ഏതെങ്കിലും ഒരു മരച്ചുവട്ടില്‍ ആയിരിക്കും മിക്കപ്പോഴും പഠനം. ക്ലാസ്സ്‌ മടുക്കുമ്പോള്‍ മരത്തെയും മരത്തില്‍ ഇരിക്കുന്ന കിളിയും എല്ലാം ശ്രദ്ധിച്ചു ഒരു രസകരമായ പഠനം ആയിരുന്നു അന്ന്. ഒരു പീരീഡ്‌ ക്ലാസ്സ് ഇല്ലെങ്കില്‍ ഇറങ്ങുകയായി കമ്പും കോലുമായി കളിക്കാന്‍.
, എല്ലാം കഴിഞ്ഞു കയറുമ്പോള്‍ കണ്ടംപൂട്ടി വരുന്ന കാളയെക്കാലും കഷ്ട്ടം ആയിരിക്കും. സ്കൂളില്‍ നിന്നും വരേണ്ട താമസം ബാഗും എറിഞ്ഞു ഒരോട്ടം ആയിരിക്കും പിന്നെയും കളിക്കാന്‍ പിന്നെ സന്ധ്യമയങ്ങുമ്പോള്‍ വരും. ഇതാണ് പഴയ കുട്ടികാലം. ഇന്ന് അതൊക്കെ മാറി സ്കൂള്‍ ജീവിതം ക്ലാസ്സ്‌ മുറികളില്‍ മാത്രം. തിരിച്ചുവീട്ടില്‍ വന്നാല്‍ കമ്പ്യൂട്ടര്‍ , ടി വി, പഠനം എന്നിവയില്‍ മാത്രം ആയിരിക്കും ശ്രദ്ധ. പഴയതലമുറയിലെ യുവാക്കള്‍ വൈകുന്നേരങ്ങളില്‍ നാട്ടിലെ ഏതെങ്കിലും ഒരു സ്ഥലത്ത് ഒത്തുകൂടുകയും നാട്ടുവര്‍ത്തമാനങ്ങളും, ലോകവിശേഷങ്ങള്‍ പങ്കു വച്ചുംചര്‍ച്ച ചെയ്തും അവിടെ ഒരു നല്ല സൌഹൃദകൂട്ടായ്മ ഉണ്ടാക്കി എടുക്കാറുണ്ടായിരുന്നു. അത് സാമൂഹ്യക ഐക്യത്തിന്റെ ഒരു തെളിവുകൂടി ആയിരുന്നു. ഇന്ന് വളര്‍ന്നുവരുന്ന തലമുറ ഇങ്ങനെ ഒരു സൌഹൃദസായാഹ്നം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കാറില്ല.  ചുട്ടയിലെ ശീലം ചുടലവരെ എന്ന് പറയുന്നതുപോലെ അവര്‍ സൌഹൃദം ഇന്റര്‍നെറ്റിലും, മൊബൈല്‍ ലോകത്തുമായി ഒതുക്കുന്നു. അങ്ങനെയുള്ള ആ സൌഹൃദം നീണ്ടുനില്‍ക്കറുമില്ല പലപ്പോഴും.

കുറച്ചുകാലങ്ങള്‍ മുന്‍പ് വരെ ഓരോ നാട്ടിലും ഒന്നും രണ്ടും വായനശാലകള്‍ ഉണ്ടാകാറുണ്ട്, അതിനോട് ചേര്‍ന്ന് ക്ലബുകളും. ഇവയിലൊക്കെ യുവാക്കളുടെ വലിയൊരു സാന്നിദ്ധ്യം തന്നെയുണ്ടായിരുന്നു. ക്ലബ്ബുകള്‍ ഓണത്തിനും, ക്രിസ്തുമസ്സിനും, വിഷുവും എന്ന് വേണ്ട എല്ലാ ആഘോഷങ്ങളെയും ഉത്സവമാക്കി മാറ്റിയിരുന്നു. ഇന്ന് അതെല്ലാം പലയിടങ്ങളിലും ചരിത്രത്തിന്റെ ഏടുകളില്‍ മാത്രം അവശേഷിക്കുന്നു. സായാഹ്നസൌഹൃദ -കൂട്ടായ്മകള്‍ പോയി മറഞ്ഞതോടെ ഇന്ന് പലസ്ഥലങ്ങളിലും വായനശാലകള്‍ പോലും ഇല്ല. ഇന്ന് സ്വന്തം നാട്ടില്‍ നില്‍ക്കുവാന്‍ ആരും ഇഷ്ട്ടപെടുന്നില്ല. നാട്ടില്‍ ഉള്ളവര്‍ പോലും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി മിനകെടാറുമില്ല. അവര്‍ക്ക് അവരുടെ കാര്യം മാത്രം.

പ്രൈമറി പഠനം കഴിഞ്ഞു അല്ലെങ്കില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഓരോരുത്തരും നഗരങ്ങളിലേക്കും മറ്റും ചേക്കേറും. ഇങ്ങനെ പോകുന്നവരെ അന്ന് നിയന്ത്രിക്കാന്‍ ആരും തന്നെ ഉണ്ടാവാറില്ല. അവര്‍ നഗരത്തിന്റെ ആഘോഷങ്ങളില്‍ മതിമറന്നു ജീവിക്കും. എന്നാല്‍ അകലങ്ങളില്‍ ഇരിക്കുന്ന മാതാപിതാക്കള്‍ ഇതൊക്കെ അറിയുക വിരളം. ജീവിതചിലവുകള്‍ ഏറുമ്പോള്‍ അവര്‍ പണം കായിക്കുന്ന മരങ്ങള്‍ തേടിയിറങ്ങുകയായി. ചിലര്‍ ചാരിത്ര്യം പോലും വിലക്ക് കൊടുക്കും. ചിലര്‍ അതിനെ എന്‍ജോയിമെന്റ്  എന്ന രീതിയില്‍ സമീപിക്കുന്നു. അവര്‍ക്ക് മുന്നില്‍ ജീവിതം എന്നുള്ളത് ആഘോഷിക്കാന്‍ മാത്രമുള്ളതാണ്. മറ്റു ചിലര്‍ നല്ലരീതിയില്‍ പഠിക്കും, ജോലി സമ്പാദിക്കും എന്നാല്‍ അവര്‍ സ്വാര്‍ത്ഥത നിറഞ്ഞവര്‍ ആകും. അവര്‍ക്ക് മുന്നില്‍ ഒന്ന് മാത്രം സമൂഹത്തില്‍ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുക.

ഇന്നുള്ള ഈ തലമുറയുടെ രീതി എന്ന് പറഞ്ഞാല്‍ ഞാന്‍ പിടിച്ച മുയലിനു നാല് കൊമ്പ് എന്ന രീതിയില്‍ ആണ്. ഞാന്‍ മാത്രം ശരി ബാക്കി ഉള്ളവരെല്ലാം തെറ്റ്. അവര്‍ ആരുടെയും ഉപദേശവും സ്വീകരിക്കാന്‍ ഒരുക്കമല്ല. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ച ഈ തലമുറക്ക് മാനവികഞ്ജാനം ഒട്ടും തന്നെയില്ല. അവര്‍ പഠിച്ചതും വളര്‍ന്നതും ജോലിയും, സമൂഹത്തില്‍ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയും മുന്നില്‍ കണ്ടാണ്‌., അവരെ അങ്ങനെ വളര്‍ത്തിയ മാതാപിതാക്കള്‍ ആണ് അതിനു കുറ്റകാര്‍, ഒരിക്കല്‍ പോലും അവരെ മാനവികഞ്ജാനമോ, കുടുംബത്തിനു ഉണ്ടാവേണ്ട പവിത്രതയോ ഒന്നും പഠിപ്പിക്കുകയോ, മനസ്സിലാക്കി കൊടുക്കുവാനോ ശ്രമിച്ചിരുന്നില്ല. ചിലമാതാപിതാക്കള്‍ പണത്തിലൂടെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. അവരും പണത്തിനെ മാത്രമേ സ്നേഹിക്കൂ. അതിനാല്‍ പ്രായം ചെല്ലുമ്പോള്‍ അവര്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍  കൊണ്ടാക്കുന്നു. അവിടെ അവിടെ പണം കൊടുത്ത് മാതാപിതാക്കളെ സ്നേഹിക്കുന്നു. വൃദ്ധസദനങ്ങള്‍ പെരുകുമ്പോള്‍ അലറിവിളിച്ചിട്ട് കാര്യമൊന്നും ഇല്ല. അതിനു കാരണക്കാര്‍ നമ്മളും കൂടിയാണെന്ന ബോധ്യം ഉണ്ടാവണം.

നമ്മള്‍ അവരെ മാത്രംപഴിചാരിയിട്ട് കാര്യം ഉണ്ടോ? തങ്ങളുടെ മക്കളെ സ്നേഹം എന്തെന്ന് മനസ്സിലാക്കി കൊടുക്കണമായിരുന്നു. വീട്ടിലേക്കു ഒരു ഭിക്ഷകാരന്‍ വരുമ്പോള്‍ ആട്ടി ഓടിക്കും, എന്നാല്‍ മക്കള്‍ക്ക്‌ മുന്നില്‍ വച്ച് ആ വരുന്ന ഭിക്ഷകാരന് എന്തെങ്കിലും കൊടുത്താല്‍ ആ കുട്ടികളുടെ മനസ്സ് എന്തായിരിക്കും? അല്ലെങ്കില്‍ എന്തുകൊണ്ട് നാം ആ സല്‍പ്രവര്‍ത്തനം ചെയ്തു എന്ന് മനസ്സിലാക്കി കൊടുക്കണമായിരുന്നു. വീട്ടിലെ ഒരു പണിക്കും കൂടെ ചേര്‍ക്കാതെ പോന്നു സൂക്ഷികുന്നത്പോലെ വളര്‍ത്തുന്ന പിള്ളേര്‍  വളര്‍ന്നു വരുമ്പോള്‍ വീട്ടുജോലികളില്‍ അഞ്ജര്‍ ആയിരിക്കും. അതുകൊണ്ട്തന്നെ ഈ തലമുറയിലെ ഭൂരിപക്ഷം ആണ്‍കുട്ടികള്‍ക്ക് കൃഷിപണിയോ,പെണ്‍പിള്ളേര്‍ക്ക് അടുക്കളപണിയോ അറിയില്ല. 

ഇങ്ങനെയുള്ള കുട്ടികള്‍ കല്യാണം കഴിഞ്ഞു മറ്റൊരു കുടുംബത്തിലേക്ക് പോകുന്നു. അല്ലെങ്കില്‍ മറ്റൊരു കുടുംബത്തില്‍ നിന്ന് കല്യാണം കഴിച്ചു കൊണ്ട് വരുന്നു.അവിടെ അവര്‍ വിഷമതകള്‍ പലതും അറിയും. കാരണം മിക്കവാറും സ്വഭാവത്തില്‍  പോരുത്തകെടുകള്‍ ഉണ്ടാകും. എന്നാല്‍ ഇതൊന്നും പോരുത്തപെട്ടു പോവാന്‍ കഴിയാത്തവര്‍ ആള്‍ക്കാര്‍ അടുത്ത ദിവസം തന്നെ പിരിയും.ഈ പിരിയുന്നവരില്‍ കൂടുതലും ഈഗോ പ്രശ്നം തന്നെ ആയിരിക്കും. അതിനും കാരണം കുടുംബത്തില്‍ നിന്നും കിട്ടേണ്ട അറിവില്ലായ്മയാണ്.  മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ വിട്ടുവീഴ്ചയും നല്ല ശീലവും പഠിപ്പിച്ചില്ല.

ഇനി എങ്കിലും മനസ്സിലാക്കുക. ലോകം വളര്‍ന്നപ്പോള്‍ തലമുറ തളരാന്‍ കാരണം നമ്മള്‍ ഓരോരുത്തരും ആണെന്ന സത്യം. ഇനിയെങ്കിലും നമ്മുടെ മക്കളെ വിട്ടുവീഴച്ചയുംസ്നേഹവും, കരുണയും,  മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കാം.




Related Posts Plugin for WordPress, Blogger...